തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി ഒരു സീറ്റ് നേടിയത് അപകടകരമായ കാര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപിയിലെ ഒരു വിഭാഗവും ക്രൈസ്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചതാണ് കേരളത്തിൽ ബിജെപിയുടെ വോട്ട് വർദ്ധിക്കാനും തൃശൂരിൽ ജയിക്കാനും കാരണമായത് എന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. തൃശ്ശൂരിൽ കോൺഗ്രസിൽ നിന്നും ചോർന്നുപോയ വോട്ടുകളിൽ വലിയ ഭാഗവും ക്രൈസ്തവരുടേത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി ചേർന്ന പാർട്ടി യോഗത്തിന് ശേഷമാണ് എംവി ഗോവിന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആർഎസ്എസ് ജാതി സംഘടനകളെ ഉപയോഗിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി. എന്നാൽ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് രൂപീകരിച്ചതോടെ ബിജെപി ആസൂത്രിതമായി പ്ലാൻ ചെയ്ത അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത്. എസ്എൻഡിപിയിലെ ഒരു വിഭാഗം ബിജെപിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
എല്ലാകാലത്തും വർഗീയതക്കെതിരെ നിലകൊണ്ടിരുന്ന വിഭാഗം ആയിരുന്നു ക്രൈസ്തവർ. അവരിൽ ഒരു വിഭാഗം ഞങ്ങൾക്കൊപ്പവും വലിയൊരു വിഭാഗം കോൺഗ്രസിനൊപ്പവുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ക്രൈസ്തവരിലെ ചില വിഭാഗങ്ങൾ ബിജെപിക്ക് അനുകൂലമായി. ചില ബിഷപ്പുമാർ പോലും ബിജെപി പരിപാടിയിൽ പങ്കെടുത്തു. ബിജെപിയുടെ ജനകീയ വളർച്ച തടയുന്നതിനായി രാഷ്ട്രീയ സമീപനം സ്വീകരിക്കണം എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Discussion about this post