ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബയിലെ അംഗങ്ങളാണ് പാക് സ്വദേശികളെയാണ് വധിച്ചത് എന്ന് സുരക്ഷാ സേന അറിയിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
പാകിസ്താൻ സ്വദേശികളായ ഉസ്മാൻ, ഉമർ എന്നിവരെയാണ് വധിച്ചത്. 2020 ലാണ് ഇരുവരും അതിർത്തി കടന്ന് പാകിസ്താനിൽ എത്തിയത്. തുടർന്ന് ഇവിടെ ഒളിച്ചു കഴിയുകയായിരുന്നു. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും വൻ ആയുധ ശേഖരം കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ സേന അറിയിച്ചു.
ബരാമുള്ളയിലെ സോപോരിൽ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. റഫ്‌ലാബാദ് മേഖലയിലെ ഹാദിപുര ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘം ഇവിടെയെത്തിയത്. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ആയിരുന്നു ഭീകരർ കഴിഞ്ഞിരുന്നത്. ഈ വീട് വളഞ്ഞതോടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ.
ഭീകരരുടെ ആക്രമണത്തിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post