തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ പ്രചാരണത്തിന്റെ ഭാഗമായി ഈ വർഷം 10000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുമ്പോഴായിരുന്നു ആരോഗ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരുന്നു അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
സംസ്ഥാനത്ത് കഴിഞ്ഞവർഷം ആയിരം യോഗ ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. അതിൽ 600 വനിതാ യോഗ ക്ലബ്ബുകൾ ആണുള്ളത്. പുതുതായി ആരംഭിക്കാനിരിക്കുന്ന പതിനായിരം യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടായിരിക്കും. ഈ 10000 യോഗ ക്ലബ്ബുകളിലൂടെ രണ്ടരലക്ഷം പേരെങ്കിലും യോഗ അഭ്യസിച്ചാൽ സമൂഹത്തിനുണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വളരെ വലുതായിരിക്കും എന്നും വീണ ജോർജ് വ്യക്തമാക്കി.
കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ ഒരു വെല്ലുവിളിയായി തുടരുകയാണ്. ഈ വെല്ലുവിളിയെ പ്രതിരോധിച്ച് സമൂഹത്തിൽ രോഗാതുരത കുറയ്ക്കുന്നതിൽ യോഗയ്ക്ക് പരമ പ്രധാനമായ സ്ഥാനമുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യ യോഗ പരിശീലനം നൽകുക എന്നുള്ളതാണ് സർക്കാർ ലക്ഷ്യം. സമ്പൂർണ്ണ യോഗ പരിജ്ഞാനം നൽകി ജനങ്ങളുടെ ആരോഗ്യവും ജീവിത ഗുണനിലവാരവും ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Discussion about this post