മലപ്പുറം : ഹാരിസ് ബീരാന്റെ രാജ്യസഭാ ടിക്കറ്റിനെ ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ ആഭ്യന്തര കലഹം. പേയ്മെന്റ് സീറ്റിലൂടെയാണ് ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക് എത്തിയത് എന്നാണ് ഒരു വിഭാഗം ആരോപണമുന്നയിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഹാരിസ് ബീരാന് രാജ്യസഭാ ടിക്കറ്റ് നൽകിയത് എന്നാണ് ലീഗിനുള്ളിൽ ഉയരുന്ന ആക്ഷേപം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനത്തിനെതിരെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പുണ്ടെന്നാണ് സൂചന. ലീഗുമായി ബന്ധപ്പെട്ട് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള അർഹരായ നേതാക്കളെ ഒഴിവാക്കിക്കൊണ്ട് ഹാരിസ് ബീരാന് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെയാണ് ലീഗിനുള്ളിൽ തന്നെ ആഭ്യന്തര കലഹം രൂപപ്പെട്ടിരിക്കുന്നത്.
ലീഗിന് വേണ്ടി നിരവധി കേസുകളിൽ ഹാജരായിട്ടുള്ള അഭിഭാഷകനാണ് അഡ്വ. ഹാരിസ് ബീരാൻ . കൂടാതെ പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ ലീഗിന്റെ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദര പുത്രൻ കൂടിയാണ് ഹാരിസ് ബീരാൻ. ഈ താല്പര്യങ്ങൾ മുൻനിർത്തിയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെയും പല യുവ നേതാക്കളെയും ഒഴിവാക്കിക്കൊണ്ട് ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചത് എന്നാണ് സൂചന. മുസ്ലിം ലീഗിൽ പാണക്കാട് തങ്ങളുടെ വാക്കിന് മറുവാക്കില്ലാത്തതിനാൽ ഈ തീരുമാനത്തിൽ അമർഷം ഉണ്ടെങ്കിൽ പോലും പരസ്യമായി പ്രതികരിക്കേണ്ട എന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം.
Discussion about this post