ന്യൂഡൽഹി : ഡൽഹി റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. ജാമ്യം സ്റ്റേ ചെയ്തത് കൂടാതെ ഇഡി ഹർജിയിൽ മൂന്നു ദിവസത്തിനുശേഷം വിധി പറയാം എന്നാണ് ഡൽഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഇതോടെ കെജ്രിവാൾ ജയിലിൽ നിന്നും പുറത്തിറങ്ങുന്നത് വീണ്ടും വൈകുമെന്ന് ഉറപ്പായി.
ഡൽഹി മദ്യനയ കേസിൽ കഴിഞ്ഞ ദിവസമായിരുന്നു റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നത്. ഇന്ന് ഉച്ചയോടെ കെജ്രിവാൾ പുറത്തിറങ്ങും എന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ജാമ്യം ലഭിച്ചതിന്റെ ഭാഗമായി ഇന്നലെ തന്നെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർ ആഘോഷങ്ങളും തുടങ്ങിയിരുന്നു. എന്നാൽ ഇഡി കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് അതിരാവിലെ തന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ഇഡിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി പരിഗണിക്കുകയും കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യുകയും ചെയ്തു. ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി കേസിൽ മൂന്നു ദിവസത്തിനു ശേഷം വിധി പറയാം എന്ന് തീരുമാനിക്കുകയായിരുന്നു. അറസ്റ്റിലായി 91 ദിവസത്തിനു ശേഷം കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ സന്തോഷത്തിലായിരുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഡൽഹി ഹൈക്കോടതിയുടെ ഈ വിധി.
Discussion about this post