ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തി. മൂന്നാം മോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇന്ത്യ സന്ദർശനത്തിന് എത്തുന്ന വിദേശ പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. ഇരു രാജ്യങ്ങളിലും തമ്മിലുള്ള വിവിധ കരാറുകളും ധാരണ പത്രങ്ങളും ഒപ്പുവയ്ക്കുന്നതിനായാണ് ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജൂലായിൽ നടക്കുന്ന ചൈന സന്ദർശനത്തിനു മുന്നോടിയായി ആണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയിട്ടുള്ളത്.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായും ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദ് ഹൗസിൽ വച്ചായിരിക്കും ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തുക.
Discussion about this post