കാസർകോട്: പെരിയ ഇരട്ടക്കൊലപാത കേസ് പ്രതിയുടെ മകന്റെ വിവാഹത്തിന് പങ്കെടുത്ത നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. വിവാഹത്തിൽ പങ്കെടുത്ത നാല് മുതിർന്ന നേതാക്കളെയാണ് പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും കെപിസിസി പുറത്താക്കിയത്. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവർക്കെതിരെയാണ് നടപടി. കെപിസിസി അന്വേഷണ കമ്മീഷന്റെ ശുപാർശയിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
കോൺഗ്രസ് നേതാക്കളുടേത് ഗുരുതരമായ തെറ്റാണെന്നും പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണെന്നുമായിരുന്നു കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. രക്തസാഷികളുടെ കുടുംബങ്ങളെ നേതാക്കൾ പരസ്യമായി അപമാനിച്ചെന്നും ജില്ലയിലെ രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു.
പെരിയ കേസിലെ 13-ാം പ്രതിയും സിപിഎം നേതാവുമായ എന ബാലകൃഷ്ണന്റെ വിവാഹചടങ്ങിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. ഇതിന്റെ ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ, പുല്ലൂർ മണ്ഡലം പ്രസിഡന്റായ പ്രമോദ് പെരിയയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ, താൻ മാത്രമല്ല, മറ്റ് പല കോൺഗ്രസ് നേതാക്കളും വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തി പ്രമോദ് പെരിയ രംഗത്ത് വന്നിരുന്നു.












