ബഹിരാകാശ പര്യവേഷണ രംഗത്ത് നമ്മുടെ ഐഎസ്ആർഒയ്ക്ക് ഒരു നേട്ടത്തിന്റെ പൊൻതൂവൽ കൂടി. പര്യവേഷണ വാഹനാമായ പുഷ്പക് വിമാനം പുഷ്പം പോലെ നിലത്തിറങ്ങിയതോടെയാണ് അഭിമാനേട്ടം സ്വന്തമായത്. ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയ ഈ പരീക്ഷണം ബഹിരാകാശ ഗവേഷണ രംഗത്തെ നിർണായക ചുവടുവയ്പ്പ് കൂടിയാണ്.
പുനരുപയോഗിക്കാവുന്ന (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ) വിക്ഷേപണ വാഹനമാണ് പുഷ്പക്. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം ആണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ശക്തമായ കാറ്റുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നടത്തിയ പരീക്ഷണം ആയിരുന്നു വിജയം കണ്ടത്. റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുഷ്പകിന്റെ പരീക്ഷണ വിജയം.
കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററായിരുന്നു പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം പുഷ്പകിനെ വേർപെടുത്തുകയായിരുന്നു. ഇതോടെ സ്വയം നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷം റൺവേ സെൻട്രൽ ലൈനിൽ തിരശ്ചീനമായി ലാൻഡ് ചെയ്യുകയായിരുന്നു.
പൂർണമായും തദ്ദേശീയമായി തയ്യാറാക്കിയ പര്യവേഷണ വാഹനം ആണ് പുഷ്പക്. ഇതിന്റെ രൂപകൽപ്പന, നിർമ്മാണം, ഏവിയോണിക്‌സ് എന്നിവയെല്ലാം തയ്യാറാക്കിയത് വിക്രം സാരാഭായ് സ്‌പേസ് സെന്റർ ആണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്ത പുഷ്പക് ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും പുഷ്പകിന് സാധിക്കും. ഇത്തരത്തിൽ മടങ്ങിയെത്തുന്ന വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനായിരുന്നു ഐഎസ്ആർഒ പുഷ്പകിന്റെ ആദ്യ ലാൻഡിംഗ് പരീക്ഷണം നടത്തിയത്. ഇത് വിജയകരമായതോടെ ഈ വർഷം മാർച്ചിൽ രണ്ടാമത്തെ പരീക്ഷണം നടത്തുകയായിരുന്നു. മൂന്ന് പരീക്ഷണങ്ങളും വിജയിച്ച് കരുത്ത് തെളിയിച്ച പുഷ്പക് ഉടൻ തന്നെ പര്യവേഷണത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post