ലഖ്‌നൗ : തന്റെ രാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്ത് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. ബിഎസ്പി ദേശീയ കോർഡിനേറ്റർ ആയും മായാവതി ആകാശിനെ നിയമിച്ചിട്ടുണ്ട്. ലഖ്നൗവിൽ പാർട്ടി ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
നേരത്തെ ബിഎസ്പിയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ മൂലം ആകാശ് ആനന്ദിനെ മായാവതി പാർട്ടി ദേശീയ കോഡിനേറ്റർ സ്ഥാനത്തു നിന്നും തന്റെ പിൻഗാമി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് റാലികളിൽ ആകാശ് സംസാരിച്ചിരുന്ന രീതിയിൽ മായാവതിക്ക് അതൃപ്തി ഉണ്ടായിരുന്നതിനാൽ ആണ് അദ്ദേഹത്തെ പാർട്ടിയിലെ പ്രധാന സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തത് എന്നായിരുന്നു സൂചന.
ബിഎസ്പി ദേശീയ കോർഡിനേറ്ററും തന്റെ രാഷ്ട്രീയ പിൻഗാമിയും ആയി ആകാശിനെ നിയമിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷമാണ് മായാവതി അദ്ദേഹത്തെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ വീണ്ടും ആകാശിനെ പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്ത മായാവതിയുടെ നടപടി പാർട്ടിക്കുള്ളിൽ തന്നെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Discussion about this post