എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 30 കോടി രൂപയുടെ കൊക്കെയ്നാണ് ദമ്പതികളിൽ നിന്നും പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയ നിലയിൽ ആയിരുന്നു കൊക്കെയ്ൻ കണ്ടെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിക്കടത്ത് പിടികൂടിയത്.
കൊച്ചി വിമാനത്താവളത്തിൽ എത്തിയ ടാൻസാനിയൻ ദമ്പതികളിൽ നിന്നുമാണ് കൊക്കെയ്ൻ പിടികൂടിയത്. ഒമാനിൽ നിന്നും ആയിരുന്നു ഇവർ നെടുമ്പാശ്ശേരിയിലേക്ക് എത്തിയിരുന്നത്. റവന്യൂ ഇന്റലിജൻസിന് തോന്നിയ സംശയത്തെ തുടർന്ന് ഈ ദമ്പതികളെ ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിനുള്ളിൽ ക്യാപ്സ്യൂൾ ആക്കി വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത്.
ദഹിക്കാത്ത തരത്തിലുള്ള ടേപ്പ് ഉപയോഗിച്ച് ക്യാപ്സൂൾ രൂപത്തിലാക്കി പൊതിഞ്ഞ് വിഴുങ്ങിയാണ് ഇവർ കൊക്കെയ്ൻ കടത്തിയിരുന്നത്. പുരുഷന്റെയും സ്ത്രീയുടെയും വയറ്റിൽ നിന്നും രണ്ട് കിലോ വീതം കൊക്കെയ്ൻ ക്യാപ്സ്യൂളുകളാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 30 കോടിയോളം രൂപ വിലമതിക്കുന്നതാണിത്. ഇത്രയും വലിയ അളവിൽ വിഴുങ്ങിയ രീതിയിൽ ലഹരിക്കടത്ത് പിടികൂടുന്നത് ആദ്യമായാണ്.
Discussion about this post