ജമ്മു : ജമ്മുകശ്മീരിൽ മുസ്ലീം ലീഗിനെയും തെഹ്രീക് ഇ ഹുറിയത്തിനെയും നിരോധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ട്രിബ്യൂണൽ ശെരിവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ രണ്ടു സംഘടനകളെയും യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കശ്മീരി-വിഘടനവാദി നേതാവ് അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയാണ് ഈ രണ്ടു സംഘടനകൾക്കും രൂപം നൽകിയിരുന്നത്.
മുസ്ലിം ലീഗ് മസ്രത്ത് ആലം വിഭാഗം ആണ് കശ്മീരിൽ പ്രവർത്തിച്ചിരുന്നത്. കശ്മീരി ജനതയ്ക്കിടയിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന പ്രധാന സംഘടനകൾ ആയിരുന്നു മുസ്ലിം ലീഗ് മസ്രത്ത് ആലം വിഭാഗവും തെഹ്രീക് ഇ ഹുറിയത്തും. ഹാഫിസ് സയീദിന്റെ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഇഫ്തിഖര്‍ ഹൈദര്‍ റാണയുടെ ജമാഅത്ത് ഉദ് ദവ, സയ്യിദ് സലാഹുദ്ദീന്റെ ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങി പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് വേണ്ടിയായിരുന്നു മുസ്ലിം ലീഗ് മസ്രത്ത് ആലം വിഭാഗവും തെഹ്രീക് ഇ ഹുറിയത്തും കാശ്മീരിൽ പ്രവർത്തിച്ചിരുന്നത്.
ഈ ഇരു സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് പരിശോധിച്ച ട്രിബ്യൂണൽ ഉത്തരവ് ശരിവെക്കുകയും ഒപ്പം നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു. ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷന്‍ ആയ ട്രിബ്യൂണലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ശരിവെച്ചത്. മുസ്ലിം ലീഗും തെഹ്രീക് ഇ ഹുറിയത്തും കശ്മീരിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ച് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുള്ള പാകിസ്താൻ സ്പോൺസേർഡ് സംഘടനകൾ ആണെന്ന് കണ്ടെത്തിയതിയതായി ട്രിബ്യൂണൽ വ്യക്തമാക്കി.
Discussion about this post