ന്യൂഡൽഹി : പതിനെട്ടാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാദ്ധ്യമങ്ങളെ കണ്ടു. രാജ്യത്തെ ജനങ്ങൾ പാർലമെന്റിൽ ആഗ്രഹിക്കുന്നത് സ്ഥിരതയുള്ള ഒരു സർക്കാരിനെ ആണെന്നും അല്ലാതെ കോൺഗ്രസിന്റെ മുദ്രാവാക്യം വിളികളോ നാടകമോ അല്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം എന്ന നിലയിൽ നല്ല നടപടികളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും മോദി സൂചിപ്പിച്ചു.
‘ശ്രേഷ്ഠ ഭാരതം’, ‘വിക്ഷിത് ഭാരത്’ എന്നിവ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് 18-ാം ലോക്‌സഭ ആരംഭിക്കുന്നതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. 18-ാം ലോക്‌സഭയിലേക്ക് വിജയിച്ചെത്തിയ എംപിമാർ എല്ലാവരും തന്നെ സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി തൻ്റെ സർക്കാർ എല്ലാവരേയും ഒപ്പം കൊണ്ടുപോകുമെന്നും മോദി അറിയിച്ചു.
ജനാധിപത്യത്തിൻ്റെ അന്തസ്സ് നിലനിർത്താൻ പ്രതിപക്ഷം രാജ്യത്തെ സാധാരണ പൗരന്മാരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് മുദ്രാവാക്യം വിളിയും നാടകവും കലഹവുമല്ല വേണ്ടത്. നല്ല പ്രതിപക്ഷം, ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഇതൊക്കെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. 18-ാം ലോക്‌സഭയിൽ അങ്ങനെയാകാൻ പ്രതിപക്ഷത്തിന് കഴിയട്ടെ എന്നും മോദി ആശംസിച്ചു.
Discussion about this post