ന്യൂഡൽഹി: ഡൽഹിയിലെ കുടിവെള്ള പ്രശ്‌നത്തിനെതിരായ നിരാഹാര സമരം അവസാനിപ്പിച്ച് ഡൽഹി ജലവകുപ്പ് മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി. രക്തത്തിലെ ഷുഗർ ലെവൽ കുറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അതിഷി സമരം അവസാനിപ്പിക്കുകയാണെന്ന് എഎപി അറിയിച്ചു. നിലവിൽ അതിഷി ലോക്‌നായക് ജയ് പ്രകാശ് ആശുപത്രിയിൽ ഐസിയുവിലാണ്.
അതിഷിയുടെ ഷുഗർ 36 ആയി കുറഞ്ഞെന്ന് എഎപി നേതാക്കൾ അറിയിച്ചു. അർദ്ധരാത്രിയോടെ ഷുഗർ കുറഞ്ഞ് 43ൽ എത്തിയിരുന്നു. പുലർച്ചെ മൂന്ന് മണി ആയപ്പോഴേക്കും 36ലേക്ക് ഷുഗർ കുറഞ്ഞു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിഷിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ എഎപി പുറത്തു വിട്ടിട്ടുണ്ട്.
‘അഞ്ച് ദിവസമായി അതിഷി നിരാഹാര സമരത്തിലായിരുന്നു. അവരുഖെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടർമാർ അതിഷിയോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. രാത്രിയോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. ഷുഗർ 36ലേക്ക് എത്തി. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് നാല് മണിയോടെ ലോക്‌നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിഷി ഇപ്പോൾ ഐസിയുവിലാണ്്’- എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
Discussion about this post