ഡെറാഡൂൺ: വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെറാഡൂൺ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ് മരിച്ചത്.
തിങ്കളാഴ്ച്ച രാവിലെയോടെയാണ് സംഭവം. വിമാനത്താവളത്തിന് സമീപത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സ്ത്രീവേഷം ധരിച്ച് കിടപ്പു മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീകൾ ധരിക്കുന്ന മാക്‌സിയും ഉൾവസ്ത്രങ്ങളുമാണ് ഉദ്യോഗസ്ഥൻ ധരിച്ചിരുന്നത്. നെറ്റിയിൽ പൊട്ടും രണ്ടു കൈകളിലും വളകളും ലിപ്‌സ്റ്റിക്കും ഇട്ടിരുന്നു.
ഉദ്യോഗസ്ഥനോടൊപ്പം രണ്ട് ബന്ധുക്കളും ഇവിടെ താമസിച്ചിരുന്നു. രാത്രി മൂവരും പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നു. തിരിച്ചു വന്നതിന് ശേഷം ബന്ധുക്കൾ രണ്ട് പേരും ഒരു മുറിയിലും ഉദ്യോഗസ്ഥൻ മറ്റൊരു മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. തിങ്കളാഴ്ച്ച രാവിലെ ഇദ്ദേഹത്തിനെ മുറിയിൽ നിന്നും പുറത്തേക്ക് കാണാതായപ്പോൾ ഇവർ വിളിച്ച് നോക്കി. ഏറെ നേരം പ്രതികരണമൊന്നും കാണാതായതോടെ ഇവർ അടുത്ത് താമസിക്കുന്ന മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കാണുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് മനോജ് കത്യാൽ വ്യക്തമാക്കി.
Discussion about this post