ഇടുക്കി : അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും നാലു വയസ്സുകാരി താഴെ വീണു. ഇടുക്കി കല്ലാറിലാണ് സംഭവം നടന്നത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിൽ നിന്നുമാണ് കുട്ടി താഴേക്ക് വീണത്. വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കല്ലാർ സ്വദേശികളായ ആന്റോ-അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അംഗണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴെ വീണത്. പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി വീഴുന്നത് കണ്ട് താഴേക്ക് എടുത്തുചാടിയ അങ്കണവാടി അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഗ്രില്ലിന് ഇടയിലൂടെയാണ് കുട്ടി താഴേക്ക് വീണത്. 2018ൽ ഉണ്ടായ പ്രളയത്തിനു ശേഷമാണ് അങ്കണവാടിയുടെ പ്രവർത്തനം മുകൾനിലയിലേക്ക് മാറ്റിയിരുന്നത്. എന്നാൽ മുകൾ നിലയിൽ കുട്ടികൾക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത രീതിയിൽ വലിയ വിടവുകളുള്ള ഗ്രിൽ ആണ് സ്ഥാപിച്ചിട്ടുള്ളത്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് കുട്ടി വീഴാൻ കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
Discussion about this post