ന്യൂഡൽഹി : റഷ്യ യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. ജൂലൈ 8 , 9 തീയ്യതികളിലാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. മൂന്നാംവട്ടം അധികാരമേറ്റതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് പോകുന്നത്. ഇന്ത്യ റഷ്യ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ച ചെയ്യും എന്നാണ് വിവരം.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രതിരോധം, എണ്ണ, വാതകം, മറ്റ് ഇന്ത്യൻ തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളെയും പഴിക്കാത്ത നിലപാട് ആയിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. സംഘർഷം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണം എന്നും ഇന്ത്യ ആവർത്തിച്ചിരുന്നു. ഈ സന്ദർശനത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷത്തെ കുറിച്ച് ചർച്ച നടത്തുമെന്നുമാണ് വിവരം.
ഇക്കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയെ റഷ്യ രാജ്യത്തേയ്ക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് യാത്ര എന്നാണ് സൂചന. 2019 ലായിരുന്നു അവസാനമായി മോദി റഷ്യ സന്ദർശിച്ചത്. റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. എന്നാൽ റഷ്യ യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് വ്യാപാര ബന്ധത്തിൽ ചില പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇതെല്ലാം പരിഹരിച്ച് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post