ബാർബഡോസ്: ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൊരുതുന്നു. പവർ പ്ലേയിൽ നിരുത്തരവാദപരമായ പ്രകടനങ്ങളിലൂടെ മുൻ നിര താരങ്ങൾ വിക്കറ്റുകൾ വലിച്ചെറിഞ്ഞപ്പോൾ, നിർണായക ഘട്ടത്തിൽ ആങ്കറിംഗ് റോൾ ഏറ്റെടുത്ത വിരാട് കോഹ്ലി ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റി. ശിവം ദുബെയ്ക്ക് പകരം പരിചയ സമ്പത്തിന്റെ പിൻബലത്തിൽ സ്ഥാനക്കയറ്റം കിട്ടി നേരത്തേ ഇറങ്ങിയ അക്ഷർ പട്ടേൽ ആക്രമണം എതിർ ക്യാമ്പിലേക്ക് നയിച്ചപ്പോൾ, ഇന്ത്യ ശക്തമായ നിലയിലേക്ക് എത്തി.
നേരത്തേ, 6 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപ്, 3 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. 9 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയെ സ്പിന്നർ കേശവ് മഹാരാജ് ക്ലാസന്റെ കൈകളിൽ എത്തിച്ചു. തൊട്ട് പിന്നാലെ വന്ന ഋഷഭ് പന്ത് ബാലിശമായി പുറത്തായി. സമ്മർദ്ദത്തിനടിപ്പെട്ട് സൂര്യകുമാർ യാദവും 3 റണ്ണുമായി മടങ്ങിയതോടെ, അപ്രതീക്ഷിതമായ തകർച്ചയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
എന്നാൽ അക്ഷർ വന്നതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി മാറാൻ തുടങ്ങി. തുടരെ സിക്സറുകൾ കണ്ടെത്തിയ അക്ഷർ സമ്മർദ്ദമില്ലാതെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സഹായകമായി. 31 പന്തിൽ 47 റൺസ് നേടിയ അക്സർ, ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്താകുകയായിരുന്നു.
മറുവശത്ത് കോട്ടകാത്ത കോഹ്ലിയിലാണ് നിലവിൽ ഇന്ത്യൻ ഇന്നിംസിന്റെ പ്രതീക്ഷകൾ മുഴുവൻ. 43 പന്തിൽ താരം 46 റൺസെടുത്തിട്ടുണ്ട്. 9 റൺസുമായി ശിവം ദുബെയാണ് കോഹ്ലിക്ക് പിന്തുണയുമായി ക്രീസിൽ. നിലവിൽ 15 ഓവറിൽ 4 വിക്കറ്റിന് 118 റൺസ് എന്ന നിലയിലാണ് ഇന്ത്യ.








