പത്താന്‍കോട്ട് വ്യോമതാവള ആക്രമണം ഇന്ത്യ-പാക്ക് നയതന്ത്ര ചര്‍ച്ചയെ ബാധിച്ചെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായുള്ള സമാധാനപരമായ ചര്‍ച്ചക്ക് അവസരം ഒരുങ്ങുന്നതിനിടക്കാണ് പത്താന്‍കോട്ട് ആക്രമണമുണ്ടായതെന്നും ഇത് ചര്‍ച്ചയെ പ്രതികൂലമായി ബാധിച്ചെന്നും ശരീഫ് പറഞ്ഞതായി റേഡിയോ പാകിസ്ഥാന് റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം പരാമര്‍ശം നടത്തുന്നത്.
ആക്രമണവുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളും ശരിയായ ദിശയിലാണ് പോകുന്നത്. കൂടാതെ സമാധാന ചര്‍ച്ചകളും ശരിയായ ദിശയില്ത്തന്നെയാണെന്ന് ഷെരീഫ് പറഞ്ഞു. ജനുവരി രണ്ടിന് ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സെക്രട്ടറിതല ചര്‍ച്ച മാറ്റിവച്ചിരുന്നു.
ആക്രമണത്തില്‍ ഏഴ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണ് ആക്രമണത്തിനു പിന്നിലെന്നതിന്റെ തെളിവ് ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും പാക്കിസ്ഥാന് നടപടിയെടുത്തിട്ടില്ല.
അതിനിടെ, ചര്‍ച്ചക്ക് ഇന്ത്യ തയാറാകുമെന്നാണ് കരുതുന്നതെന്ന് പാക് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചര്‍ച്ച നടക്കാതിരിക്കാനുള്ള ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് പാക്ക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷ ഇ മുഹമ്മദിന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തങ്ങളുടെ മണ്ണില്‍ നിന്നും ഭീകരരെ തുരത്താനാണ് ശ്രമിക്കുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
Discussion about this post