ഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസും അജിത് സിംഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദള്‍(ആര്.എല്‍.ഡി) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനൊരുങ്ങി ജെ.ഡി.യു.
ബിഹാറില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ സഖ്യത്തെ ജെ.ഡിയു- ആര്.ജെ.ഡി, കോണ്‍ഗ്രസ് എന്നിവയുടെ കൂട്ടായ്മയായ മഹാസഖ്യം തറ പറ്റിച്ചതിന്റെ ആത്മവിശ്വാസമാണ് ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍, യു.പിയിലെ പ്രബല പാര്‍ട്ടികളായ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവര്‍ ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കുന്ന കാര്യം തള്ളി.
അജിത് സിംഗുമായി ജെ.ഡി.യു പ്രസിഡന്റ് ശരദ് യാദവ് രണ്ടു ദിവസം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച ലക്നൗവില്‍ ചേരുന്ന ജെ.ഡി(യു)വിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം സഖ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് നേതാക്കള്‍ പറയുന്നു. ബി.ജെ.പിക്ക് ബദലായി സഖ്യം രൂപീകരിക്കുന്നതിന് അതീവ താല്പര്യമുണ്ടെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി ത്യാഗി പറഞ്ഞു. ഇത്തരമൊരു ക്യാമ്പയിനില്‍ ആര്.എല്‍.ഡി പ്രധാന ഘടകമാണ്. അവരില്ലാതെ ഉണ്ടാവുന്ന സഖ്യം വടക്കന്‍ യു.പിയില്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് ത്യാഗി പറഞ്ഞു.
Discussion about this post