ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പൊളിച്ചടുക്കി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം. വാഗ്ദാനം ചെയ്തിരുന്ന എല്ലാ സഹായങ്ങളും തങ്ങൾക്ക് ലഭിച്ചതായി അഗ്നിവീറിന്റെ കുടുംബം പറഞ്ഞു. മഹാരാഷ്ട്ര സ്വദേശി അക്ഷയ് ഗവാതിന്റെ കുടുംബമാണ് രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
സേവനത്തിനിടെ വീരമൃത്യുവരിക്കുന്ന അഗ്നിവീറുകൾക്ക് സർക്കാരിൽ നിന്നും ഒരു സഹായവും ലഭിക്കുന്നില്ലെന്ന് ആയിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ സർക്കാരിൽ നിന്നും 1.8 കോടി രൂപയുടെ സഹായം ലഭിച്ചതായി അക്ഷയുടെ കുടുംബം പറയുന്നു. ഇതോടെ രാഹുലിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്.
2023 ഒക്ടോബറിൽ സിയാച്ചിനിൽ വച്ചായിരുന്നു അക്ഷയ് വീരമൃത്യുവരിച്ചത്. ഇതിന് തൊട്ട് പിന്നാലെ 48 ലക്ഷം രൂപയുടെ ഇൻഷൂറൻസ് തുക ലഭിച്ചതായി അക്ഷയുടെ പിതാവ് പറഞ്ഞു. ഇതിന് ശേഷം 50 ലക്ഷം രൂപ കേന്ദ്രസർക്കാരിൽ നിന്നും സഹായധനമായി ലഭിച്ചു. 10 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചുവെന്നും കുടുംബം വ്യക്തമാക്കി.
വീരമൃത്യുവരിച്ച പഞ്ചാബ് സ്വദേശിയായ അഗ്നിവീറിന്റെ കുടുംബവുമായി സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. വീരമൃത്യുവരിച്ചതിന് ശേഷം കേന്ദ്രസർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടുവെന്ന് ആയിരുന്നു രാഹുൽ സഭയിൽ പറഞ്ഞത്. എന്നാൽ അപ്പോൾ തന്നെ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.
Discussion about this post