ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹാത്രാസിൽ നടന്ന ഒരു മതപ്രഭാഷണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ 107 പേർ മരിച്ചു. കടുത്ത ചൂടിനിടയിലും ചടങ്ങിൽ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ബാൻപൂർ ഗ്രാമത്തിൽ മത പ്രഭാഷണ പരിപാടി നടന്നിരുന്നത്. പ്രത്യേകം തയ്യാറാക്കിയ ഒരു കൂടാരത്തിനുള്ളിൽ വച്ചായിരുന്നു പ്രഭാഷകൻ അനുയായികളോട് സംസാരിച്ചിരുന്നത്. പ്രഭാഷണം അവസാനിച്ചതിനുശേഷം ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ആയിരുന്നു തിക്കുംതിരക്കും ഉണ്ടായത്.
ഉത്തർപ്രദേശിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയം കൂടിയാണ് എന്നുള്ളത് തിക്കുംതിരക്കും വർദ്ധിപ്പിച്ചതായാണ് പ്രാഥമിക നിഗമനം. പരിപാടി നടന്നിരുന്ന കൂടാരത്തിനുള്ളിൽ വലിയ ചൂടും ഈർപ്പവും അനുഭവപ്പെട്ടിരുന്നതിനാൽ ആളുകൾ പെട്ടെന്ന് തന്നെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചത് തിരക്ക് വർദ്ധിപ്പിച്ചു. ഇതാണ് പെട്ടെന്നുണ്ടായ അപകടത്തിന് കാരണമായത്. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post