ന്യൂഡൽഹി: കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തി എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്‌നവൽക്യ ശുക്ല. കാർഷിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്ത് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു എബിവിപി നേതാക്കൾ ശിവരാജ് സിംഗ് ചൗഹാനെ കണ്ടത്.
നിലവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജുകളിലെ അടിസ്ഥാന സൗകരങ്ങൾ വികസിപ്പിക്കണമെന്ന് ശുക്ല ശിവരാജ് സിംഗ് ചൗഹാനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തണം. കാർഷിക രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കാർഷിക കോളേജിൽ പഠിച്ചിറക്കുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങൾ സൃഷ്ടിക്കണം. കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കണം എന്നും ശുക്ല വ്യക്തമാക്കി.
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണെന്ന് ശുക്ല പറഞ്ഞു. അതിനാൽ കാർഷിക വിദ്യാഭ്യാസം ദ്രുതഗതിയിൽ വളർച്ച കൈവരിക്കേണ്ടത് ആവശ്യമാണ്. കാർഷി വിദ്യാഭ്യാസത്തിന്റെ പുരോഗതിയ്ക്കായി മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആവശ്യമാണ്. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യ സംസ്‌കരണം, പാലുൽപ്പന്നങ്ങളുടെ സംസ്‌കരണം, ഫിഷറീസ്, ബയോടെക്‌നോളജി, അഗ്രികൾച്ചർ എൻജിനീയറിംഗ് എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി വിദഗ്ധർ അടങ്ങിയ സമിതിയെ നിയോഗിക്കണം എന്ന് എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാളും പറഞ്ഞു.
Discussion about this post