മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലേക്ക് ഫഡ്‌നാവിസിനെ വിളിച്ചുവരുത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം നീണ്ട ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഉണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ടാണ് ഇരുവരും ചർച്ച നടത്തിയത് എന്നാണ് സൂചന. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി തലത്തിലും സംഘടനാ പ്രവർത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ആർഎസ്എസ് തലവൻ ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച നടത്തിയതായി മഹാരാഷ്ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ ഭരണസഖ്യം 17 സീറ്റുകളും പ്രതിപക്ഷമായ കോൺഗ്രസ്, എൻസിപി (ശരദ്ചന്ദ്ര പവാർ), ശിവസേന (യുബിടി) സഖ്യം 30 സീറ്റുകളും ആയിരുന്നു നേടിയിരുന്നത്. നാല് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ബിജെപി സ്വീകരിക്കേണ്ട അടിസ്ഥാന മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കായാണ് ആർഎസ്എസ് സർസംഘചാലക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post