ന്യൂഡൽഹി: സേവനത്തിനിടെ വീരമൃത്യുവരിച്ച് അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് കേന്ദ്രം സഹായ ധനം നൽകിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഷൂറൻസ് തുകയാണ് കുടുംബത്തിന് കിട്ടിയത്. ഇൻഷൂറൻസ് തുകയും സഹായധനവും രണ്ടാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു. എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പരാമർശം.
സേവനത്തിനിടെ വീരമൃത്യുവരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് കേന്ദ്രസർക്കാർ സഹായധനം നൽകിയിട്ടില്ല. ഇൻഷൂറൻസ് തുക മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. ഒരു കോടിയ്ക്ക് മുകളിൽ ഇവർക്ക് പണം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ 50 ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ നിന്നാണ് ലഭിച്ചത്. 48 ലക്ഷം രൂപ ആർമി ഗ്രൂപ്പ് ഇൻഷൂറൻസ് ഫണ്ടിൽ നിന്നും ലഭിച്ചുവെന്നും രാഹുൽ ആരോപിച്ചു.
ശമ്പളം പോലും അജയ്കുമാറിന്റെ കുടുംബത്തിന് കൊടുത്തിട്ടില്ല. എന്തുകൊണ്ടാണ് ശമ്പളം നൽകാത്തത്?. അഗ്നിവീറുകളോട് കേന്ദ്രസർക്കാർ കടുത്ത വിവേചനം ആണ് കാണിക്കുന്നത്. ഇത് രാജ്യസുരക്ഷ സംബന്ധിച്ച കാര്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
നേരത്തെ ലോക്‌സഭയിൽ ആണ് വീരമൃത്യുവരിച്ച അഗ്നിവീറുകളുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സഹായം നൽകുന്നില്ലെന്ന തരത്തിൽ രാഹുൽ പരാമർശം നടത്തിയത്. എന്നാൽ രാഹുലിന്റ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി അഗ്നിവീറിന്റെ കുടുംബം രംഗത്ത് എത്തുകയായിരുന്നു. സേവനത്തിലിരിക്കെ വീരമൃത്യുവരിച്ച അഗ്നിവീറുകൾക്ക് ഇൻഷൂറൻസ് തുകയുൾപ്പെടെ 1 കോടിയിലധികം രൂപയാണ് നൽകിവരുന്നത്. ഈ തുക പൂർണമായും ലഭിച്ചുവെന്നായിരുന്നു അഗ്നിവീറിന്റെ കുടുംബം പറഞ്ഞത്. ഇതോടെ വ്യാജപ്രചാരണം നടത്തിയ രാഹുലിനെതിരെ വിമർശനം ശക്തമായി. ഇതിനിടെയാണ് വീണ്ടും സമാന ആരോപണവുമായി രാഹുൽ എത്തിയിരിക്കുന്നത്.
Discussion about this post