ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരുടെ ആക്രമണത്തിൽ ജവാൻ വീരമൃത്യുവരിച്ചു. കുൽഗാം ജില്ലയിലെ മോഡെർഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുരക്ഷാ സേന സ്ഥലത്ത് എത്തിയത്. ജമ്മു കശ്മീർ പോലീസിന്റെയും കരസേനയുടെയും സംയുക്ത സംഘം ആയിരുന്നു സ്ഥലത്ത് എത്തിയത്. തുടർന്ന് പരിശോധന ആരംഭിച്ചു. ഇതിനിടെ ഭീകരർ പോലീസുകാരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. ഇത് സുരക്ഷാ സേന പ്രതിരോധിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പ്രദേശത്ത് മൂന്നോളം ഭീകരർ ഉണ്ടെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്. ഇവരെ വളഞ്ഞിട്ടുണ്ട്. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിൽ ആണ് എന്നും പോലീസ് അറിയിച്ചു. പരിക്കേറ്റ ജവാന്റെ ഭൌതിക ദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കെെമാറും.
Discussion about this post