കാസർകോട് : കാസർഗോഡ് റെയിൽവേ ട്രാക്കുകളിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ കടലാസുപൊതികൾ കണ്ടെത്തി. ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും ആയിരുന്നു ആദ്യം സംശയകരമായ രീതിയിൽ കടലാസ്പൊതി ലഭിച്ചത്. വിവരമറിഞ്ഞ് റെയിൽവേ പോലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
റെയിൽവേ പോലീസ് ലഭിച്ച കടലാസ്പൊതി തുറന്നു പരിശോധിച്ചപ്പോൾ കണ്ടത് കെട്ടിയ നിലയിലുള്ള ചരടും കമ്പിയുടെ കഷ്ണവും ആയിരുന്നു. കൂടോത്രം എന്ന് സംശയമുയരുന്ന രീതിയിലാണ് ഈ വസ്തുക്കൾ റെയിൽവേ ട്രാക്കിൽ നിന്നും ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട്ടെ വിവിധ റെയിൽവേ ട്രാക്കിൽ നിന്നും ഇത്തരത്തിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ കല്ലുകളും ഇരുമ്പ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നതായി വിവരം ലഭിച്ചു.
ആരാണ് ഇത്തരത്തിലുള്ള വസ്തുക്കൾ റെയിൽവേ ട്രാക്കിന് സമീപം കൊണ്ടുവന്ന് ഇട്ടത് എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. കാസർകോട് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെത്തിയ വാർത്ത കേരളം ഏറെ ചർച്ച ചെയ്യുന്ന സാഹചര്യത്തിലാണ് റെയിൽവേ ട്രാക്കുകളിൽ നിന്നും ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post