ലണ്ടൻ: ഇന്ത്യയുമായുള്ള ശക്തവും പ്രസക്തവുമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നതായി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ലോകനേതാവ് എന്ന നിലയിലെ നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വളർച്ച എന്നീ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മാതൃകാപരമാണെന്നും സ്റ്റാർമർ പറഞ്ഞതായി ബ്രിട്ടീഷ് നയതന്ത്ര വക്താവ് അറിയിച്ചു.
പ്രതിരോധം, ആഭ്യന്തര സുരക്ഷ, സാങ്കേതിക രംഗം എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ബ്രിട്ടൺ ആഗ്രഹിക്കുന്നു. സമസ്ത മേഖലകളിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ആഴമുള്ളതാക്കാൻ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ പാർട്ടി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബ്രിട്ടീഷ് വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പിലാക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും അതിവേഗം പൂർത്തീകരിക്കും. ബ്രിട്ടണിൽ ദീർഘകാലം നീണ്ടുനിന്ന രാഷ്ട്രീയ അസ്ഥിരാവസ്ഥയ്ക്ക് പരിഹാരമായി എന്നാണ് തങ്ങൾ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പുതിയ തലങ്ങളിൽ എത്തിക്കാൻ സ്റ്റാർമർ സർക്കാർ ആഗ്രഹിക്കുന്നു.
കരാർ നടപ്പിലാക്കാൻ എല്ലാ അർത്ഥത്തിലും ലേബർ സർക്കാർ തയ്യാറാണെന്ന് ഈ അവസരത്തിൽ ഇന്ത്യൻ ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനെയും വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനെയും ബ്രിട്ടൺ അറിയിക്കുകയാണ്. ബ്രിട്ടീഷ് വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
Discussion about this post