ഗാന്ധിനഗർ : ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണ് അപകടം. സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്. അപകടത്തിൽപ്പെട്ട ഒരു സ്ത്രീയെ രക്ഷിക്കാനായി. നിരവധി പേർ അവശേഷങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന.
അപകടം സംഭവിച്ച ഉടൻതന്നെ അഗ്നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചു. ഏതാണ്ട് പത്തിലേറെ പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ആറോളം കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽ നിലംപൊത്തിയത്.
2017ൽ നിർമ്മിച്ച കെട്ടിടമാണ് തകർന്നുവീണത്. നിർമ്മാണം പൂർത്തിയാക്കിയ ആറു വർഷങ്ങൾക്കുള്ളിൽ തന്നെ കെട്ടിടം ജീർണാവസ്ഥയിൽ ആയതിനാൽ കെട്ടിടം ഒഴിയണമെന്നും പൊളിച്ചു മാറ്റണമെന്നും ഉടമയോട് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഉടമസ്ഥൻ വിദേശത്താണെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിക്കുന്നത്.
Discussion about this post