ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ തദ്ദേശീയ നിർമ്മിത ലൈറ്റ് ടാങ്ക് സോറാവാർ അവതരിപ്പിച്ച് ഇന്ത്യ. ദേശീയ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡി ആർ ഡി ഓയും സ്വകാര്യ സ്ഥാപനമായ ലാർസൻ ആൻഡ് ടൂബ്രോയും സംയുക്തമായി വികസിപ്പിച്ച സോറാവാർ , പരീക്ഷണ വിന്യാസത്തിന്റെ സുപ്രധാന ഘട്ടത്തിലാണ്. ഗുജറാത്തിലെ ഹാജിറയിൽ പുരോഗമിക്കുന്ന പദ്ധതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഡി ആർ ഡി ഓ മേധാവി ഡോക്ടർ സമീർ വി കാമത്ത് വിലയിരുത്തി.
ലഡാക്കിലെ ഉയരമേറിയ മേഖലകളിൽ വിന്യസിക്കാൻ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സോറാവാർ , രണ്ട് വർഷം എന്ന ചുരുങ്ങിയ കാലയളവിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 25 ടണ്ണാണ് ഇതിന്റെ ഭാരം. ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ ആദ്യമായാണ്, ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു ടാങ്ക് രൂപകൽപ്പന ചെയ്ത്, പരീക്ഷണ സജ്ജമാക്കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 59 ടാങ്കുകളായിരിക്കും സൈന്യത്തിന് കൈമാറുക. പിന്നീട് 295 ടാങ്കുകൾ കൂടി നിർമ്മിച്ച് സൈന്യത്തിന് സമർപ്പിക്കും. വരുന്ന ഒന്നര വർഷത്തിനുള്ളിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി ടാങ്കുകൾ സൈന്യത്തിന് കൈമാറാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post