തിരുവനന്തപുരം : സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. ആറ് ദിവസത്തിനിടെ 66, 880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം ആദ്യവാരം അരലക്ഷത്തിലധികം പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് മൂന്ന് പേരാണ് മരണപ്പെട്ടത്.
ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേർക്കാണ്. ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ കേരളത്തിൽ മാത്രം 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു.
എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന രോഗ വിവരകണക്കുകൾ ജൂലൈ 1ന് ആരോഗ്യവകുപ്പ് നിർത്തിവെച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പനിബാധിതരുടെ രോഗ വിവര കണക്കുകൾ ഇന്നലെയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങൾ. ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് എച്ച്1 എൻ1 ൻറെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post