ബെംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് തടയിടാൻ അഹിന്ദ റാലിയുമായി നിലവിലുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികൾ രംഗത്ത് വരാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതോടു കൂടി കർണാടക കോൺഗ്രസിലെ പാളയത്തിലെ പട മാറനീക്കി പുറത്തു വന്നിരിക്കുകയാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ നിയമിക്കണമെന്ന വിശ്വ വൊക്കലിംഗ മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയുടെ പ്രസ്താവനയോട് കൂടിയാണ് സ്ഥിതിഗതികൾ വഷളായത്
ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദലിതർ എന്നിവർക്കുവേണ്ടി നിലകൊള്ളുന്ന അഹിന്ദ പ്രസ്ഥാനത്തിന്റെ മുഖ്യ ഉപജ്ഞാതാവാണ് സിദ്ധരാമയ്യ. ചന്ദ്രശേഖർ സ്വാമിജിയുടെ പ്രസ്താവനയെ തുടർന്ന് അഹിന്ദ സംസ്ഥാന പ്രസിഡൻ്റ് പ്രഭുലിംഗ ദൊഡ്ഡമണി പ്രതികരണവുമായി രംഗത്ത് വന്നിരിന്നു. മുഖ്യമന്ത്രിയെ മാറ്റാൻ തീരുമാനം ഉണ്ടാവുകയാണെങ്കിൽ സിദ്ധാരാമയ്യയോടൊപ്പം നട്ടെല്ല് പോലെ ഉറച്ച് നിൽക്കും എന്നാണ് പ്രഭുലിംഗ ദൊഡ്ഡമണി വ്യക്തമാക്കിയത്.
കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ സമുദായത്തിന്റെ സ്വാധീനമുള്ള നേതാവാണ് ഡികെ ശിവകുമാർ. കുറുബ സമുദായത്തിൽ നിന്നുള്ള ഒബിസി നേതാവാണ് സിദ്ധരാമയ്യ. സ്വന്തം സമുദായത്തിൽ നിന്നും മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ വേണമെന്ന് ചന്ദ്രശേഖര സ്വാമിയും മുഖ്യമന്ത്രി സ്ഥാനം വിട്ടു തരില്ലെന്ന് അഹിന്ദ പ്രസ്ഥാനവും കടുംപിടുത്തവുമായി മുന്നോട്ട് പോകുമ്പോൾ വരും നാളുകളിൽ കർണാടക രാഷ്ട്രീയം കലങ്ങിമറിയുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.
Discussion about this post