ന്യൂഡൽഹി: വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയിത്രക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ഉത്തർ പ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സ്ഥലത്ത് എത്തിയ രേഖ ശർമ്മയെയാണ് മൊയിത്ര ഫേസ്ബുക്കിലൂടെ അപമാനിച്ചത്.
വിവാദമായതോടെ മൊയിത്ര ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പിന്നിൽ ഒരാൾ കുട പിടിച്ച് നടക്കുന്ന ചിത്രത്തെയാണ് ദുരുദ്ദേശപരമായി മൊയിത്ര പ്രചരിപ്പിച്ചത്. തന്റെ ബോസിന്റെ പൈജാമ താങ്ങുന്ന’ തിരക്കിലാണ് രേഖ ശര്‍മ എന്നായിരുന്നു മഹുവയുടെ കമന്റ്. അപമാനകരവും അസഭ്യം നിറഞ്ഞതുമായ പരാമർശം എന്നായിരുന്നു ബിജെപി ഇതിനെ വിശേഷിപ്പിച്ചത്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ, തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ രേഖ ശർമ്മ നിർദ്ദേശം നൽകിയിരുന്നു. കേസ് എടുക്കാൻ തീരുമാനിച്ച ഡൽഹി പോലീസിനെ വെല്ലു വിളിച്ചു കൊണ്ട് മഹുവ മൊയിത്രയും രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.
Discussion about this post