മോസ്കോ: പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ റഷ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യൻ വിദേശകാര്യ വകുപ്പ്. യുക്രെയ്ൻ യുദ്ധാനന്തര കാലത്തെ ഈ സന്ദർശനം വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായാണ് തങ്ങൾ കാണുന്നതെന്ന് റഷ്യ വ്യക്തമാക്കി.
ഇരുപത്തിരണ്ടാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ ഭാഗമായി ജൂലൈ 8,9 തീയതികളിലായാണ് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം. മോദിയുടെ സന്ദർശനത്തെ പലരും അസൂയയോടെയാണ് നോക്കുന്നതെന്ന്, നാറ്റോ സഖ്യരാജ്യങ്ങളെ വ്യംഗ്യമായി പരിഹസിച്ച് റഷ്യ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുക, പരസ്പര താത്പര്യമുള്ള പ്രാദേശികവും ആഗോളവുമായി വിഷയങ്ങളിൽ പൊതുഅഭിപ്രായ രൂപീകരണം നടത്തുക എന്നിവയ്ക്കായിരിക്കും ഉച്ചകോടിയിൽ പ്രാമുഖ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഔദ്യോഗികവും അനൗദ്യോഗികവുമായ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്ന് ക്രെമ്ലിൻ വക്താവ് ദിമിത്രി പെക്ലോവ് അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഈ ഉച്ചകോടിയെ വ്യക്തമായി നിരീക്ഷിക്കുന്നുണ്ടാകും. അവരെ ഏതായാലും ഇരു രാജ്യങ്ങളും നിരാശപ്പെടുത്തില്ലെന്നും പരിഹാസരൂപേണ പെക്ലോവ് പറഞ്ഞു.








