മുംബൈ: പിറന്നാൾ ദിനത്തിൽ തന്റെ അരുമ നായയ്ക്ക് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന സമ്മാനം നൽകി ഉടമ. സ്വർണ മാലയാണ് നായയ്ക്ക് സമ്മാനമായി മുംബൈ സ്വദേശിനി സരിത സൽദാൻഹ നൽകിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു ടൈഗർ എന്ന് പേരുള്ള വളർത്തു നായയുടെ പിറന്നാൾ. ഇത്തവണ ഒരു ഗംഭീര സമ്മാനം തന്നെ നൽകാൻ തീരുമാനിച്ച സരിത ടൈഗറുമൊത്ത് പ്രദേശത്തെ അനിൽ ജ്വല്ലറിയിൽ എത്തുകയായിരുന്നു. ഇവിടെ നിന്നും രണ്ടര ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വർണമാലയാണ് വാങ്ങി സമ്മാനിച്ചത്. ഏകദേശം നാലര പവനോളം വരുന്ന മാല സരിത നായയെ അണിയിക്കുന്ന ദൃശ്യങ്ങൾ ജ്വല്ലറിയിലെ ജീവനക്കാർ തന്നെയാണ് പകർത്തിയത്.സരിത മാല അണിയിക്കുമ്പോഴുള്ള ടൈഗറിന്റെ ആഹ്ലാദ പ്രകടനം വീഡിയോയിൽ കാണാം.
ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ജ്വല്ലറി വീഡിയോ പുറത്തുവിട്ടത്. തന്റെ അരുമ നായയ്ക്ക് ഒരു പ്രത്യേക സമ്മാനം തന്നെ നൽകണം എന്ന് ചിന്തിച്ച സരിത ജ്വല്ലറിയിലേക്ക് വരികയായിരുന്നുവെന്ന് ജ്വല്ലറി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇവിടെത്തിയ സരിത തന്റെ നായയ്ക്കായി ഒരു മാല വാങ്ങിച്ചു. പ്രത്യേകം തയ്യാറാക്കിയ മാല ഈ ദിനത്തിലെ അനുയോജ്യമായ സമ്മാനം ആയിരുന്നു. മാല നൽകുമ്പോൾ ടൈഗർ സന്തോഷം കൊണ്ട് വാലാട്ടിയെന്നും ജ്വല്ലറി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജ്വല്ലറി പങ്കുവച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറൽ ആയത്. ടൈഗറിന് ജന്മദിനം ആശംസിച്ചും, സരിതയെ പ്രശംസിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
Discussion about this post