ലക്‌നൗ: കൂളർ വാങ്ങി നൽകാത്തതിന്റെ പേരിൽ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സദർ ബസാർ സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. യുവതിയെ ബന്ധുക്കൾ ചേർന്ന് അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
നിലവിൽ ആഗ്രയിൽ കടുത്ത ചൂട് തുടരുകയാണ്. ചൂട് അസഹനീയമായതോടെ യുവതി മന്തോല സ്വദേശിയായ യുവാവിനോട് കൂളർ വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ ആവശ്യം യുവാവ് അംഗീകരിച്ചു. ഇപ്പോൾ കാശില്ലെന്നും ശമ്പളം ലഭിച്ചാൽ ഉടനെ തന്നെ കൂളർ വാങ്ങി നൽകാമെന്നുമായിരുന്നു യുവാവ് ഭാര്യയോട് പറഞ്ഞത്. എന്നാൽ ഇത് കേട്ട യുവതി ഇപ്പോൾ തന്നെ കൂളർ വാങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തന്റെ കയ്യിൽ പണം ഇല്ലെന്നും അതിനാൽ ഇപ്പോൾ ഇതിന് കഴിയില്ലെന്നും യുവാവ് ആവർത്തിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചു. പിറ്റേന്ന് ഭർത്താവ് ഓഫീസിൽ പോയതിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിന് ശേഷം പോലീസിലും യുവതി പരാതി നൽകി. പോലീസിന്റെ നിർദ്ദേശ പ്രകാരം യുവതിയ്ക്കും യുവാവിനും ഇപ്പോൾ കൗൺസലിംഗ് നൽകി വരികയാണ്.
അതേസമയം സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നാണ് വിവരം. വീട്ടിൽ കൂളർ വാങ്ങാൻ യുവാവിനോട് കൗൺസിലർ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post