ന്യൂഡൽഹി: ടി20 ലോകകപ്പ് വിജയികളായി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ടീമിന് ബിസിസിഐ 125 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജൂലൈ നാലിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടത്തിയ സ്വീകരണത്തിൽ വെച്ച് 125 കോടിയുടെ ചെക്ക് ടീം ക്യാപ്റ്റനായ രോഹിത് ശർമ്മയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ തുക ആർക്കൊക്കെ എങ്ങനെയാണ് വീതിക്കുക?
15 അംഗ സ്‌ക്വാഡിലെ ഓരോ അംഗത്തിനും അഞ്ചു കോടിരൂപ വീതം ലഭിക്കും. ടീമിലെ റിസർവ് താരങ്ങളായിരുന്ന ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ എന്നിവർക്ക് ഒരു കോടി രൂപ വീതം ലഭിക്കും.പരിശീലകനായ രാഹുൽ ദ്രാവിഡിന് 2.50 കോടി രൂപയാണ് ലഭിക്കുക. ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാമ്പ്രെ എന്നിവർക്കും 2.50 കോടി രൂപ വീതം ലഭിക്കും. അജിത് അഗാർക്കർ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് 1 കോടി രൂപ വീതവും ലഭിക്കും സംഘത്തിലെ മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ, മൂന്ന് ത്രോ ഡൗൺ സ്‌പെഷ്യലിസ്റ്റുകൾ, രണ്ട് മസാജർമാർ, സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് എന്നിവർക്ക് രണ്ട് കോടി രൂപ വീതവും ലഭിക്കും.
42 അംഗ സംഘമാണ് ലോകകപ്പ് മത്സരത്തിനായി വെസ്റ്റ് ഇൻഡീസിലേക്കും യുഎസ്എയിലേക്കും യാത്ര ചെയ്തത്. ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഉദ്യോഗസ്ഥർ ഉൾപ്പടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങൾ, ടീമിന്റെ ലോജിസ്റ്റിക് മാനേജർ എന്നിവർക്കും കൃത്യമായ പാരിതോഷികം ലഭിക്കും.
മുൻപ് 2013ലായിരുന്നു ഇന്ത്യയുടെ ഐസിസി കിരീട നേട്ടം.അന്ന് കിരീടം നേടിയ ടീമിലെ ഓരോ കളിക്കാരനും ബിസിസിഐ പ്രഖ്യാപിച്ചത് ഒരു കോടി രൂപ വീതമുള്ള സമ്മാനത്തുകയായിരുന്നു. അന്ന് ടീമിലെ സപ്പോർട്ട് സ്റ്റാഫിന് ലഭിച്ചത് 30 ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലം.
2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് നേടിയ ടീമിനും ആദ്യം ബിസിസിഐ ഒരു കോടി രൂപ വീതമായിരുന്നു സമ്മാനത്തുകയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കളിക്കാർ പ്രതിഷേധമുയർത്തിയതോടെ പിന്നീട് അത് രണ്ട് കോടി രൂപയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഏകദേശം 39 കോടിയോളമാണ് ധോനിക്കും സംഘത്തിനും അന്ന് ബിസിസിഐ നൽകിയതെന്നാണ് റിപ്പോർട്ട്. പരിശീലക സംഘത്തിനും സപ്പോർട്ട് സ്റ്റാഫിനും 50 ലക്ഷം രൂപ വീതം ലഭിച്ചു. സെലക്ടർമാർക്ക് അന്ന് നൽകിയത് 25 ലക്ഷം വീതമാണ്
Discussion about this post