എറണാകുളം : കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാജ്യാന്തര അവയവക്കടത്ത് കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാതെ കേരള പോലീസ്. നിലവിൽ കേസ് അന്വേഷിക്കുന്ന ആലുവ റൂറൽ പോലീസ് കേസിലെ വിശദാംശങ്ങൾ ഇതുവരെയും എൻഐഎയ്ക്ക് കൈമാറിയിട്ടില്ല. ഇറാൻ കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്ത വിവരം തങ്ങൾ അറിഞ്ഞിട്ടില്ല എന്നാണ് വിഷയത്തിൽ പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ മെയ് 19 നായിരുന്നു രാജ്യാന്തര അവയവക്കടത്തിന്റെ മുഖ്യസൂത്രധാരനായ തൃശ്ശൂർ സ്വദേശി സാബിത്ത് നാസർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് പിടിയിലായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവയവ കടത്ത് സംഘത്തിൽ പങ്കാളികളായ കൊച്ചി സ്വദേശിയായ സജിത്ത്, ഹൈദരാബാദ് സ്വദേശിയായ ബെല്ലംകൊണ്ട രാമപ്രസാദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇറാനിൽ പോയി വൃക്ക വിറ്റ ഇരുപതോളം പേരുടെ വിശദാംശങ്ങൾ ഇതുവരെ പ്രതികളിൽ നിന്നും ശേഖരിക്കാൻ ആയിട്ടില്ല. കൂടാതെ കേസിലെ മുഖ്യപ്രതിയായ മധു ഇപ്പോഴും ഇറാനിലാണ് ഉള്ളത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി ബ്ലൂ കോർണർ നോട്ടീസ് അടക്കം പുറത്തിറക്കേണ്ടതുണ്ട്. എൻഐഎ കേസ് ഏറ്റെടുത്താൽ ഈ നടപടിക്രമങ്ങൾ വേഗത്തിൽ തന്നെ നടക്കുന്നതാണ്. എന്നാൽ കേസ് എൻഐഎയ്ക്ക് കൈമാറേണ്ട ഡിജിപി ആവശ്യമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
Discussion about this post