ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി റഷ്യൻ തലസ്ഥാനമായ മോസ്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി റഷ്യൻ സർക്കാർ. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത് റഷ്യയുടെ മുഖ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റ്യുറോവ് ആയിരുന്നു.
അടുത്തയിടെ റഷ്യ സന്ദർശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ സ്വീകരിക്കാനെത്തിയത് റഷ്യൻ ഉപപ്രധാനമന്ത്രിയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം ഇദ്ദേഹത്തേക്കാൾ ഉയർന്ന പദവിയാണ് മുഖ്യ ഉപപ്രധാനമന്ത്രിയുടേത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് തൊട്ടുതാഴെയുള്ള സർക്കാർ പദവിയാണ് ഇത്.
പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചതിന് പുറമേ, മുഖ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റ്യുറോവ് അദ്ദേഹത്തെ കാറിൽ ഹോട്ടൽ വരെ അനുഗമിക്കുകയും ചെയ്തു. ഇന്ത്യ- റഷ്യ ബന്ധത്തിലെ ശക്തമായ അടയാളമായും ചൈനക്ക് പുറമേ, സന്ദർശനം ഉറ്റുനോക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങൾക്കും നൽകുന്ന ശക്തമായ സന്ദേശമായുമാണ് ഈ നടപടികൾ അന്താരാഷ്ട്ര തലത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന ആയുധ വിതരണ രാജ്യമാണ് റഷ്യ. കൂടാതെ, റഷ്യയുടെ ഏറ്റവും മൂല്യമുള്ള ഇന്ധന ഉപഭോക്തൃ രാജ്യവുമാണ് ഇന്ത്യ. 2019ന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണ് ഇത്.
Discussion about this post