മോസ്‌കോ : റഷ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തും. പൊതുജനശ്രദ്ധയിൽ നിന്ന് മാറി കൂടുതൽ സെൻസിറ്റീവ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റഷ്യയിലെ പുടിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യവസതിയിൽ ആയിരിക്കും മോദി-പുടിൻ കൂടിക്കാഴ്ച നടക്കുക. ഇന്ത്യൻ പ്രധാനമന്ത്രിക്കായി പ്രത്യേക അത്താഴവിരുന്നും റഷ്യൻ പ്രസിഡണ്ട് ഒരുക്കുന്നുണ്ട്.
അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് എത്തുന്നത്. 2022 സെപ്റ്റംബറിൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ വെച്ചായിരുന്നു മോദിയും പുടിനും തമ്മിൽ അവസാനമായി കണ്ടിരുന്നത്. നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരം ഏറ്റതിനുശേഷം ഇന്ത്യയുമായി ഏറ്റവും മികച്ച ഉഭയകക്ഷി ബന്ധം പുലർത്തുന്ന ഒരു രാജ്യം കൂടിയാണ് റഷ്യ.
റഷ്യൻ പ്രസിഡന്റ് പുടിനുമായി വ്യക്തിപരമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവായാണ് മോദി അറിയപ്പെടുന്നത്. അതിനാൽ തന്നെ മോദിയുടെ സന്ദർശനത്തെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരമായി കൂടിയാണ് പുടിൻ കാണുന്നത്. മോസ്‌കോയിലെ നുകൊവോ-II വിഐപി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിയെ റഷ്യയുടെ മുഖ്യ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് ആണ് സ്വീകരിച്ചത്. ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യ സ്വീകരിച്ചത്.
Discussion about this post