അബുദാബി : അടുത്തവർഷത്തോടെ എയർ കേരള യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷ. പ്രവാസി സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തന അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് ആണ് എയർ കേരള അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിക്കും എന്ന വിവരം പങ്കുവെച്ചത്.
ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് എയർ കേരള ലക്ഷ്യമിടുന്നത്. പിന്നീട് 20 വിമാനങ്ങൾ എങ്കിലും സ്വന്തമാക്കിയ ശേഷം ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച എയർ കേരള പദ്ധതി പിന്നീട് വർഷങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാൽ കഴിഞ്ഞവർഷം വീണ്ടും എയർ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതോടെയാണ് എയർ കേരള ചർച്ചാവിഷയം ആകുന്നത്.
പ്രവാസി മലയാളികളുടെ ദീർഘകാല സ്വപ്നമാണ് കേരളത്തിന്റെ സ്വന്തം ഒരു വിമാന കമ്പനി എന്നുള്ളത്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചതോടെ ഈ സ്വപ്നം യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രവാസികൾ. കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ കേരള പ്രവാസികൾ നേരിടുന്ന വിമാനയാത്ര പ്രശ്നങ്ങൾക്ക് എയർ കേരള വരുന്നതോടെ പരിഹാരം കാണാൻ സാധിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു.
Discussion about this post