ന്യൂഡൽഹി:റഷ്യൻ സൈന്യത്തിൽ സഹായികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് ഉറപ്പ് നൽകി ഭരണകൂടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയാണ് സുപ്രധാന തീരുമാനം.തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യാത്രയ്ക്ക് മുൻപ് തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു
യുക്രെയ്നുമായുള്ള ചില അതിർത്തി പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം സുരക്ഷാ സഹായികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ യുദ്ധത്തിലേര്‍പ്പെടാന്‍ നിർബന്ധിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.യുക്രെയ്നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തോടൊപ്പം ഇന്ത്യക്കാരുണ്ടെന്നു കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിച്ചത്.
അതേസമയം വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലേക്കു കൊണ്ടുപോവുകയും അവിടെ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ജോബ് സജിൻ ഡിക്സൺ, റോബോ റോബർട്ട് അരുളപ്പൻ, ടോമി ഡോമിരാജ് തുടങ്ങിയവർക്കെതിരെയാണു കേസ്.
Discussion about this post