ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം നീട്ടിയതായി ഉത്തരവിറക്കിയത്. ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തിൽ നിന്നുള്ള പുതിയ തെളിവുകൾ കണക്കാക്കിയാണ് 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ നിരോധനം നീട്ടിയിട്ടുള്ളത്.
സിഖ് ഫോർ ജസ്റ്റിസ് സംഘടന തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ നിയമപ്രകാരം അഞ്ചു വർഷത്തേക്ക് കൂടി നിരോധനം നീട്ടിയിരിക്കുന്നത്. ഖാലിസ്ഥാൻ പ്രസ്ഥാനത്തിനുവേണ്ടി യുവാക്കളെ തീവ്രവാദികൾ ആക്കുന്നതിൽ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയതിന് തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.
യുഎസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ് 2007ൽ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന സ്ഥാപിക്കുന്നത്. സിഖ് ജനതയ്ക്ക് മാതൃരാജ്യമായ പഞ്ചാബിൽ സ്വയം ഭരണാധികാരം വേണമെന്ന് ഇന്ത്യയിൽ നിന്നും വേർപെട്ട് ഖാലിസ്ഥാൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കണം എന്നുമാണ് സിഖ് ഫോർ ജസ്റ്റിസിന്റെ ആവശ്യം. സംഘടനയുടെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ സർക്കാർ 2019 ൽ ആണ് സിഖ് ഫോർ ജസ്റ്റിസിനെ രാജ്യത്ത് നിരോധിച്ചിരുന്നത്.
Discussion about this post