2014 ൽ ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ശേഷം കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ഇന്ത്യയുടെ വിദേശകാര്യതലത്തിൽ വന്ന മാറ്റങ്ങൾ അതിശയകരമാണെന്ന് തന്നെ പറയാം. ഈ പത്തുവർഷങ്ങൾ കൊണ്ട് നിരവധി രാജ്യങ്ങൾ തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതികൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇതുവരെയായി 14 രാഷ്ട്രങ്ങളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറി രണ്ടുവർഷങ്ങൾക്ക് ശേഷം 2016ൽ സൗദി അറേബ്യയാണ് മോദിയെ ആദ്യമായി ഒരു അന്താരാഷ്ട്ര പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുന്നത്. സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് സാഷ് നൽകിയാണ് പ്രധാനമന്ത്രി മോദിയെ സൗദി ആദരിച്ചത്.
2016ൽ തന്നെ അഫ്ഗാനിസ്ഥാൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ സ്‌റ്റേറ്റ് ഓർഡർ ഓഫ് ഗാസി അമീർ അമാനുല്ല ഖാൻ നൽകി അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചു.
2018 ൽ പലസ്തീനിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീൻ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു.
2019-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് അവാർഡ് നൽകി യുഎഇ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചു.
2019-ൽ തന്നെയാണ് റഷ്യ തങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ അവാർഡ് പ്രധാനമന്ത്രി മോദിക്ക് സമർപ്പിച്ചിരുന്നത്. പിന്നീട് അഞ്ചു വർഷങ്ങൾക്ക് ശേഷം 2024 ജൂലായിൽ റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഈ ബഹുമതി നേരിട്ട് നൽകുകയായിരുന്നു.
2019-ൽ തന്നെ പ്രധാനമന്ത്രി മോദിക്ക് ബഹറിന്റെ പരമോന്നത ബഹുമതിയായ കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് ലഭിച്ചു.
2019-ൽ തന്നെയാണ് പ്രധാനമന്ത്രി മോദിക്ക് മാലിദ്വീപിൻ്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂൾ ഓഫ് നിഷാൻ ഇസ്സുദ്ദീൻ- മാൽദീവ്സ് നൽകി മാലിദ്വീപ് ആദരിച്ചത്.
2020 ൽ യുഎസ് ഗവൺമെൻ്റിൻ്റെ ലെജിയൻ ഓഫ് മെറിറ്റ് ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി ആദരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേന അന്താരാഷ്ട്ര നേതാക്കൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്.
2021 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാൻ തങ്ങളുടെ പരമോന്നത സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ഡ്രക്ക് ഗ്യാൽപോ നൽകി ആദരിക്കുന്നതായി പ്രഖ്യാപിച്ചു. 2024 ലാണ് ഭൂട്ടാൻ സന്ദർശനവേളയിൽ മോദി ഈ ബഹുമതി ഏറ്റുവാങ്ങിയത്.
2023-ൽ റിപ്പബ്ലിക് ഓഫ് പലാവുവിൻ്റെ പ്രസിഡൻ്റ് സുരാഞ്ചൽ എസ്. വിപ്‌സ് ജൂനിയർ പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ എബാക്കൽ അവാർഡ് നൽകി.
2023 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായി ഫിജിയുടെ പരമോന്നത ബഹുമതിയായ കമ്പാനിയൻ ഓഫ് ഓർഡർ ഓഫ് ഫിജി നൽകി ആദരിച്ചു.
2023 ൽ തന്നെയാണ് പാപുവ ന്യൂ ഗിനിയയുടെ ഗവർണർ ജനറൽ സർ ബോബ് ദാദേ തങ്ങളുടെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കമ്പാനിയൻ ഓഫ് ഓർഡർ ഓഫ് ലോഗോഹു നൽകി പ്രധാനമന്ത്രി മോദിയെ ആദരിച്ചത്.
2023 ജൂണിൽ പ്രധാനമന്ത്രി മോദിക്ക് ഈജിപ്ത് പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി ആദരിച്ചു. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ആണ് മോദിക്ക് ഈ ബഹുമതി നൽകി ആദരിച്ചത്.
2023 ജൂലായ് 13-ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ’ ലഭിച്ചത്. സൈനിക, സിവിലിയൻ മേഖലകളിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന ഫ്രഞ്ച് ബഹുമതിയാണിത്.
ഈ 14 പരമോന്നത സിവിലിയൻ ബഹുമതികൾ കൂടാതെ മറ്റു നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ഈ 10 വർഷക്കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചു. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ വ്യക്തിപരമായ ആദരവുകൾ ഏറ്റുവാങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേര് ചരിത്രത്താളുകളിൽ കുറിക്കപ്പെടുകയാണ്.
Discussion about this post