വിയന്ന :രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം അവസാനപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം അവിടെ എത്തിയത്. പ്രധാനമന്ത്രിയെ ഓസ്ട്രിയൻ കലാകാരന്മാർ വന്ദേമാതരം ആലപിച്ച് വൻ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.
വിയന്നയിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ സ്വീകരിച്ചു. ഹോട്ടലിൽ എത്തിയ ശേഷം ഓസ്ട്രിയൻ കലാകാരന്മാർ വന്ദേമാതരം ആലപിച്ചു.
വിയന്നയിൽ വിമാനമിറങ്ങിയതായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഈ യാത്രയെ ‘പ്രത്യേകത’ എന്ന് എക്സിൽ കുറിച്ചിരുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ പങ്കിട്ട മൂല്യങ്ങൾ ഇരു രാജ്യങ്ങളും എക്കാലത്തെയും അടുത്ത പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്നും ഓസ്ട്രിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
നരേന്ദ്രമോദിയുടെ ഓസ്ട്രിയ സന്ദർശനം ചരിത്രപരമായാണ് വിലയിരുത്തപ്പെടുന്നത്. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഓസ്ട്രിയയിൽ എത്തുന്നത്. പ്രധാനമന്ത്രി ചാൻസലർ കാൾ നെഹാമറെ സന്ദർശിക്കുന്നതായിരിക്കും. 1983ൽ ഇന്ദിരാഗാന്ധി ആയിരുന്നു ഇതിനു മുൻപ് ഓസ്ട്രിയയിൽ സന്ദർശനം നടത്തിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി. മധ്യ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. മോദി ഓസ്ട്രിയയിൽ എത്തുന്നത് ഒരു വലിയ ബഹുമതിയായി കണക്കാക്കുന്നതായി ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറെ തന്റെ എക്‌സ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള 75 വർഷത്തെ നയതന്ത്ര ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്ന് കാൾ നെഹാമറെ വ്യക്തമാക്കി. 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നത് പ്രത്യേക ബഹുമതിയായി കണക്കാക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post