എറണാകുളം: കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അറസ്റ്റിലാകുന്ന സമയത്ത് പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് പ്രതികളെ വിട്ടയച്ചത്. 2011 ലെ ഇടുക്കി പളനിസ്വാമി കൊലക്കേസ് പ്രതികളുടെ കാര്യത്തിലായിരുന്നു കോടതിയുടെ ഇടപെടൽ. കേസിൽ അറസ്റ്റിലായ ഇവർ 13 വർഷക്കാലമായി ജയിലിൽ ആണ്.
സംഭവം നടക്കുമ്പോൾ പ്രതികൾക്ക് 16 ഉം 17 ഉം വയസ്സായിരുന്നു പ്രായം. പ്രായപൂർത്തിയാകാത്ത ഇരുവർക്കും അന്ന് പ്രായത്തിന്റെ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വിട്ടയയ്ക്കാൻ ഉത്തരവിട്ടത്. ഇതിന് പുറമേ ഇവരെ ജയിലിൽ അടച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.
രാജ്യത്തെ ജയിലുകളിൽ കഴിയുന്ന പ്രായപൂർത്തിയാകാത്തവരുടെ കണക്കെടുപ്പിനായി നാഷണൽ ലീഗൽ സർവീസ് സൊസൈറ്റി നിയോഗിച്ച സമിതി പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇരുവരും ജയിലിൽ കഴിയുന്നതായി വ്യക്തമായത്. വിഷയം പരിഗണനയിൽ എത്തിയപ്പോൾ ഹൈക്കോടതി തൊടുപുഴ സെഷൻസ് കോടതിയോട് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിൽ ഇരുവരും ശിക്ഷിക്കപ്പെടുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല എന്ന് വ്യക്തമാകുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർമാർ എംവി ജോയ്, പിടി കൃഷ്ണൻ കുട്ടി എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.
13 വർഷം ജയിലിൽ കഴിയേണ്ടിവന്നതിനാൽ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. സംസ്ഥാ സർക്കാരിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും വാദമായിരിക്കും അന്നേ ദിവസം കേൾക്കുക.
Discussion about this post