മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ യുവതിയ്ക്ക് ക്രൂര പീഡനം. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനും കുടുംബത്തിനുമെതിരെയാണ് പരാതിയുമായി യുവതിയും കുടുംബവും രംഗത്ത് എത്തിയിരിക്കുന്നത്.
ഈ വർഷം മെയ് രണ്ടിനായിരുന്നു യുവതിയും ഫായസും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ആറാം ദിവസം ഭർത്താവ് ക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. സാരമായ പരിക്കുകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. സംഭവം പുറത്തറിയാതിരിക്കാൻ ഭർതൃവീട്ടുകാർ ആയിരുന്നു യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.
ഇതിനിടെ വീട്ടിലേക്ക് വിളിച്ച യുവതി സംസാരിക്കുന്നതിനിടെ കരഞ്ഞിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടുകാർ ഫായിസിന്റെ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് ശരീരമാസകലം പാടുകളുമായി പെൺകുട്ടിയെ കണ്ടത്. ഇതേ തുടർന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
പരിശോധനയിൽ യുവതിയുടെ അടിവയറ്റിലും നട്ടെല്ലിലും ഉൾപ്പെടെ സാരമായി പരിക്കേറ്റതായി വ്യക്തമായി. തുടർന്ന് മെയ് മാസം 22 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. പിന്നീട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. എന്നിട്ടും ഫലം കണ്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പറയുന്നത്. ഇതിൽ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. കുനിച്ച് നിർത്തി മർദ്ദിച്ചതിൽ നട്ടെല്ലിന് പരിക്കുണ്ട്. ചെവിയ്ക്കടിച്ചതിനെ തുടർന്ന് യുവതിയുടെ കേൾവിയും തകരാറിൽ ആയി. സൗന്ദര്യത്തിന്റെ പേരിലും സുഹൃത്തുക്കളുടെ പേരിലും ആയിരുന്നു ഫായിസ് യുവതിയെ മർദ്ദിച്ചിരുന്നത്. കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞും ക്രൂരമായി ഇയാൾ യുവതിയെ ആക്രമിച്ചു. സംഭവത്തിന് ശേഷം നാല് തവണയോളമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.
Discussion about this post