ബംഗളൂരു: തേയിലയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ കർണാടക സർക്കാർ. ഇത്തരം തേയില പ്ലാന്റേഷനുകൾ അടപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
അടുത്തിടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ചായക്കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ചായപ്പൊടിയിൽ മാരകമായ രാസവസ്തുക്കൾ കലർത്തിയതായി കണ്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്നായി 48 സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
ചായയ്ക്ക് നിറവും മണവും ലഭിക്കുന്നതിന് വേണ്ടിയുള്ള രാസവസ്തുക്കളുടെ സാന്നിദ്ധ്യം ആണ് തേയില പൊടിയിൽ കണ്ടെത്തിയത്. ഇതിന് പുറമേ തേയിലയിൽ മാരക കീടനാശിനികളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. 40 ഓളം കെമിക്കലുകളുടെ സാന്നിദ്ധ്യമാണ് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് എന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നത്. സാഹചര്യത്തിലാണ് തേയില പ്ലാന്റേഷനുകൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
അമിത അളവിൽ അടിയ്ക്കുന്ന കീടനാശിനിയും പിന്നീട് നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കളും കൂടി ചേരുമ്പോൾ ശരീരത്തിന് വലിയ ദോഷമാണ് ഉണ്ടാക്കുക. തേയില പൊടിയ്ക്കുന്ന വേളയിലാണ് ഇത്തരത്തിൽ രാസ വസ്തുക്കൾ ചേർക്കുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ.
നേരത്തെ ശരീരത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി എന്നിവയുടെ വിൽപ്പന സർക്കാർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തേയില പ്ലാന്റേഷനുകളും ലക്ഷ്യമിടുന്നത്. റോഡമിൻ ബിയെന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം ആണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്.
Discussion about this post