ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്വാളും തമ്മിൽ നടന്ന ബാഡ്മിന്റൺ മത്സരമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റൺ കോർട്ടിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദമത്സരം നടന്നത്. പത്മ പുരസ്കാരം ജേതാക്കളായ വനിതകളെക്കുറിച്ച് രാജ്യത്ത് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഹേർസ്റ്റോറി-മൈ സ്റ്റോറി എന്ന പ്രഭാഷണ പരമ്പരയോട് അനുബന്ധിച്ച് ആയിരുന്നു സൈന നെഹ്വാൾ രാഷ്ട്രപതി ഭവനിൽ എത്തിച്ചേർന്നിരുന്നത്.
പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുള്ള കായികതാരമാണ് സൈന നെഹ്വാൾ. വനിതകളായ പത്മ ജേതാക്കളെ അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പരയ്ക്ക് നാളെ രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ തുടക്കമാകും. പരിപാടിയുടെ ഭാഗമായി നാളെ സൈന പത്മ പുരസ്കാരം നേടിയ മറ്റ് വനിതകളുമായി സംവദിക്കുകയും പ്രത്യേക പ്രഭാഷണം നടത്തുകയും ചെയ്യുന്നതാണ്.
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന ബാഡ്മിന്റൺ മത്സരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. കായിക രംഗത്തോടുള്ള ആവേശം രാഷ്ട്രപതി പോസ്റ്റിൽ വ്യക്തമാക്കി. ബാഡ്മിന്റൺ പവർഹൗസ് എന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ചയ്ക്ക് ആഗോള വേദികളിൽ വനിതാ താരങ്ങൾ ഗണ്യമായ സംഭാവനകൾ നൽകിയതായും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Discussion about this post