വിയന്ന: മൂന്ന് ദിവസത്തെ വിദേശപര്യടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക്. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം
അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണ് പൂർത്തിയായത്. ഇന്ത്യ- റഷ്യ, ഇന്ത്യ- ഓസ്ട്രിയ നയതന്ത്രബന്ധം വീണ്ടും ദൃഢപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
യുക്രെയ്ൻ സംഘർഷത്തിനുശേഷം മോസ്‌കോയിലേക്കുള്ള തന്റെ ആദ്യ പര്യടനത്തിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനൊപ്പം 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദി ആദ്യം റഷ്യയിലേക്ക് പോയി.യുക്രൈൻ സംഘർഷത്തിന് യുദ്ധക്കളത്തിൽ പരിഹാരം സാധ്യമെല്ലന്നും ബോംബുകൾക്കും തോക്കുകൾക്കും വെടിയുണ്ടകൾക്കുമിടയിൽ സമാധാന ചർച്ചകൾ വിജയിക്കുന്നില്ലെന്നും സന്ദർശനത്തിനിടെ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് പുടിനോട് പറഞ്ഞു.
മോസ്‌കോയിൽ നിന്ന് പ്രധാനമന്ത്രി മോദി ഓസ്ട്രിയയിലേക്ക് പോയി. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലെൻ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹത്തയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു.
‘തന്റെ ഓസ്ട്രിയൻ സന്ദർശനം ചരിത്രപരവും അത്യധികം ഉൽപ്പാദനക്ഷമവുമാണ്. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് പുതിയ ഊർജം പകര്ന്നു. വിയന്നയിൽ ആയിരിക്കുമ്പോൾ വൈവിധ്യമാർന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. ചാൻസലർ @karlnehammer,ഓസ്ട്രിയൻ ഗവൺമെന്റിനും ജനങ്ങൾക്കും അവരുടെ ആതിഥ്യത്തിന് നന്ദി. ഒപ്പം വാത്സല്യവും,’ എക്സിൽ പ്രധാനമന്ത്രി കുറിച്ചു.
Discussion about this post