ലണ്ടൻ : കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ഇന്ത്യ മാറിയതുപോലെ മറ്റൊരു രാജ്യവും മാറിയിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഫ്യൂച്ചർ ഓഫ് ബ്രിട്ടൻ കോൺഫറൻസ് 2024 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഗവേണിംഗ് ഇൻ ദ ഏജ് ഓഫ് എഐ എന്ന വിഷയത്തിൽ ആയിരുന്നു കേന്ദ്രസർക്കാരിലെ മുൻ
ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി ആയിരുന്ന രാജീവ് ചന്ദ്രശേഖർ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
ഗവൺമെൻ്റുകൾക്ക് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ ചർച്ചയിൽ ഉന്നയിച്ചു.
ലണ്ടനിലെ ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് ആതിഥേയത്വം വഹിച്ച ചർച്ചയിലായിരുന്നു രാജീവ് ചന്ദ്രശേഖർ ഇന്ത്യയിലെ ഡിജിറ്റൽ നയങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചത്. ഇന്ന് 80% ഇന്ത്യക്കാർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ഗവൺമെന്റ് നൽകുന്ന സബ്സിഡികൾ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നു. മുൻപ് കേന്ദ്രസർക്കാരിൽ നിന്നും ജനങ്ങൾക്ക് 100 രൂപ കൊടുത്താൽ അതിൽ 15 രൂപ മാത്രമായിരുന്നു അവരുടെ കൈകളിൽ എത്തിയിരുന്നത്. എന്നാൽ ഇന്ന് മുഴുവൻ പണവും നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നു. ഭൂരിഭാഗം ജനങ്ങളും ഡിജിറ്റൽ ട്രാൻസാക്ഷനുകളിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലയളവിൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റം നടത്തി എന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു.
10 വർഷങ്ങൾക്കു മുൻപുള്ള ഇന്ത്യയിൽ നിന്ന് വലിയ മാറ്റമാണ് ഇന്നത്തെ ഇന്ത്യക്ക് ഉണ്ടായിരിക്കുന്നത് എന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ടോണി ബ്ലയർ ചർച്ചയിൽ വ്യക്തമാക്കി. ബ്രിട്ടൻ്റെ ഏറ്റവും വലിയ പരാജയം അവർ സ്വയം ആത്മപരിശോധന നടത്തുന്നില്ല എന്നുള്ളതാണ്. ലോകം വികസിച്ചുകൊണ്ടിരിക്കുന്ന രീതി മനസ്സിലാക്കാൻ യഥാർത്ഥത്തിൽ ഇപ്പോഴും ബ്രിട്ടന് കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യ ഇപ്പോൾ ഡിജിറ്റൽ രംഗത്ത് ബഹുദൂരം മുന്നിട്ടു കഴിഞ്ഞു. ആ ഊർജ്ജമാണ് രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളിൽ നിന്നും കാണാൻ കഴിഞ്ഞത് എന്നും ടോണി ബ്ലയർ അഭിപ്രായപ്പെട്ടു.
Discussion about this post